കോഴിക്കോട്– ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫയെ പോലീസ് പിടികൂടി. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലായിരുന്നു.
ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത ദീപക്കിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ദീപക്കിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സമൂഹ മാധ്യമത്തില്‍ ഷിംജിത പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത വീഡിയോയാണ്. ബസിനുള്ളില്‍ സംഭവിച്ചതെന്താണെന്നതിനുള്ള വ്യക്തതക്കായി ഷിംജിതയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോയുടെ പൂര്‍ണ രൂപം കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്. ദീപക്കിന്റെ ആത്മഹത്യയിൽ മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനിടെ ഷിംജിത മുസ്തഫ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് നിലവിൽ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.



