കോഴിക്കോട്– താമരശ്ശേരി പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ് ബിന്ദുകുമാരിയാണ് അപേക്ഷ തള്ളിയത്. അവധിക്കാലമായതിനാല്‍ പ്രതികളെ രക്ഷിതാക്കള്‍ക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലില്‍ കഴിഞ്ഞത് ശിക്ഷയായി കാണണമെന്നായിരുന്നു മാതാപിതാക്കളുടെ വാദം.
ഒരു മാസമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണെന്നും ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്ക് കുട്ടികളെന്ന ആനുകൂല്യം നല്‍കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേഷം നല്‍കുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ആറു പേര്‍ക്കും ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഫെബ്രുവരി 28 നാണ് താമരശ്ശേരിയിലെ ട്യൂഷന്‍ ക്ലാസിലെ കുട്ടികള്‍ തമ്മിലുണ്ടായ വാക്കേറ്റവും തര്‍ക്കത്തിനുമിടയില്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. തലക്ക് മാരകമായി പരിക്കേറ്റ ഷഹബാസ് ചികിത്സയിലിരിക്കെ മാര്‍ച്ച് 1 ന് മരണപ്പെട്ടു.