തിരുവനന്തപുരം– സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്ക് എതിരെ എസ്.എഫ്.ഐ നടത്തുന്ന സമരത്തില്‍ സര്‍വകലാശാല ജീവനക്കാരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍.
എസ്.എഫ്.ഐ നടത്തുന്നത് സമരമല്ല. ഗുണ്ടായിസമാണ്, അതിന് പോലീസും സര്‍ക്കാറും കൂട്ടു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെതിരെയാണ് എസ്.എഫ്.ഐ സമരം ചെയ്യുന്നത്? സര്‍വകലാശാലകളിലേക്ക് ഇരച്ചുകയറി നടത്തിയ സമരാഭാസം എന്തിനുവേണ്ടിയാണ്? അദ്ദേഹം ചോദിച്ചു.
കേരളത്തിലെ മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യു ഡി എഫ് പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് തലയ്ക്കടിക്കുന്ന പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടായിസത്തിന് കുട പിടിക്കുന്ന പൊലീസിനെയുമാണ് കേരളം കാണുന്നതെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം നേതാക്കള്‍ എസ്.എഫ്.ഐയെ നിയന്ത്രിക്കണം. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും സ്ഥിരം വിസിമാരില്ല. സിന്‍ഡിക്കേറ്റുമായി എല്ലായിടത്തും വിസിമാര്‍ തര്‍ക്കത്തിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക് മൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുകയാണ്. നിസാര കാര്യങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടുന്നതിന്റെ ഇരകളായി മാറുന്നത് കേരളത്തിലെ കുഞ്ഞുങ്ങളാണ്. അത് അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പാര്‍ട്ടി സെക്രട്ടറി തന്നെ യൂണിവേഴ്‌സിറ്റിയില്‍ പോയി സമരാഭാസത്തിന് പിന്തുണ നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്തിനാണ് പോലീസ് തൊപ്പിയും വെച്ച് നടക്കുന്നത്. പോലീസിന്റെ വടിവാങ്ങിയാണ് സമരക്കാര്‍ പോലീസിനെ തല്ലിയത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളിൽ നിന്നും വഴിതിരിച്ചു വിടുന്നതിന് വേണ്ടിയാണ് സര്‍വകലാശാലകളില്‍ സമരാഭാസം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരെയുള്ള സമരം ചെയ്യേണ്ടത് രാജ്ഭവനിലേക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പേവിഷബാധക്ക് നല്‍കുന്ന വാക്‌സിനെ കുറിച്ച് പരിശോധിക്കണമെന്നും വിഡി സതീഷന്‍ പറഞ്ഞു. വാക്‌സിനെടുത്തിട്ടും പേവിഷബാധയുണ്ടാകുന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ മരുന്നാണോ പച്ചവെള്ളമാണോ നല്‍കുന്നതെന്ന അന്യേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.