മക്ക: ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകൾ അടക്കം 15 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി യുവാവിനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പതിനാറു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പെർമിറ്റില്ലാത്ത 20 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ ആറു സൗദി പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനമുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.