കോഴിക്കോട്– കന്യാസ്ത്രീകളും മാവോഭീകരരും ബന്ധമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോയിസ്റ്റുകൾ, എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികൾ വിഷയം ഗൗരവമായി അന്യേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ടെന്നും ശശികല ഫേസ്ബുക്കിൽ അവകാശപ്പെട്ടു.
കേരളത്തിൽ കന്യാസ്ത്രീ മഠങ്ങൾ, സഭയുടെ മറ്റു സ്ഥാപനങ്ങൾ, കത്തോലിക്കാ ഭവനങ്ങൾ എന്നിവിടങ്ങളിൽ വീട്ടുപണിക്ക് നിൽക്കുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്ര അന്യേഷണം വേണമെന്ന് ശശികല ആവശ്യപ്പെട്ടു. അവരുടെ എസ്റ്റേറ്റുകളിൽ പണിക്കു നിർത്തിയിരുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്യേഷിക്കണം.
സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ മാവോവാദികൾ അവരുടെ സാമ്രാജ്യമാക്കി നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടുവരുന്നതെന്നും ശശിക ആരോപിച്ചു. ഇത്തരം സ്ഥലങ്ങളിലേക്ക് കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ പോകുന്നു, ഇഷ്ടം പോലെ ആളുകളെ കേറ്റികൊണ്ടു വരുന്നു. അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ തനതുവംശങ്ങൾ ആവിയായി പോയതല്ലെന്നും ക്രൈസ്തവ സഭകൾ നശിപ്പിച്ചതാണെന്നും ശശികല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ കേരളത്തിൽ സംഘപരിവാറിനെ ആവശ്യമുള്ളത് ക്രിസ്ത്യൻ സമൂഹത്തിനാണ്, മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മതപുരോഹിതന്മാരായതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കുമെന്നും, അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയാണെന്നും ശശികല പറഞ്ഞു.