കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ സമയം മാറ്റുന്നതിന് എതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതായി സമസ്ത അറിയിച്ചു. സ്കൂളിന്റെ സമയം മാറ്റുന്നത് മദ്രസ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തത് കൊണ്ടാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്നതും ഏഴാം ക്ലാസ് വരെ മാത്രാണ് മദ്രസ പഠനം ഉള്ളതെന്നുമുള്ള സർക്കാർ വാദം ശരിയല്ലെന്നും സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഹൈ സ്കൂളിൽ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സർക്കാർ വാദവും ശരിയല്ല. എൽ.പിയും, യു പിയും ഹൈസ്കൂളും ഒന്നിച്ചുള്ള സ്കൂളുകളിൽ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ്. പരാതി ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല. സ്കൂൾ പ്രവൃത്തി സമയക്കുറവ് പരിഹരിക്കാൻ അധ്യയന ദിവസം കൂട്ടുകയാണ് വേണ്ടത്. അല്ലാതെ മദ്രസ പഠനം തടസപ്പെടുന്ന രീതിയിൽ സമയം മാറ്റുകയല്ലെന്നും സമസ്ത വ്യക്തമാക്കി.
2007 ൽ എം എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്കൂൾ സമയം 8 മണി ആക്കാൻ നീക്കം നടത്തി. അന്ന് സമരം നടത്തി തോൽപ്പിച്ചത് സമസ്ത അടക്കമുള്ള സംഘടനകളാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സമയമാറ്റവും സമരത്തിലൂടെ പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്. മുസ്ലിംലീഗ് ഈ പ്രശ്നം ഏറ്റെടുക്കണം. എല്ലാ സംഘടനകളും ഈ ആവശ്യത്തെ പിന്തുണക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.