കാസർകോട്– നട്ടെല്ലൊടിക്കുന്ന വിമാനനിരക്ക് വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് സമസ്ത. പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധികളെക്കുറിച്ചും പ്രവാസിവോട്ടവകാശത്തെ കുറിച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമേയം പാസാക്കി. കാസർകോട് നടന്ന നൂറാം വാർഷിക ആഘോഷ ചടങ്ങിലാണ് പ്രമേയം പാസാക്കിയത്. അവധിക്കാലത്തെ വിമാന നിരക്ക് വർധന പ്രവാസികളെ സാരമായി ബാധിക്കുന്നുണ്ടെന്നും, ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന വിഷയത്തെ കുറിച്ചും യോഗത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് ഭരണനിർവ്വഹണം കാര്യക്ഷമമാക്കാനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനും അത്യന്താപേക്ഷിതമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ വലിയ ജില്ലകളിലും പുനർനിർണയം ആവശ്യമാണെന്നും, 38 ജില്ലകളുള്ള തമിഴ്നാടിനെ ഇതിനായി മാതൃകയാക്കാമെന്നും പ്രമേയത്തിൽ പറയുന്നു. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജനങ്ങളിലേക്ക് വേഗമെത്തുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ച സാധ്യമാകുകയും ചെയ്യുമെന്നതിനാൽ രാഷ്ട്രീയ ഭേദമന്യേ ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒന്നിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു.



