മലയാള ചലച്ചിത്ര ലോകത്ത് സലീം കുമാർ എന്ന നടൻ ഉണ്ടാക്കിയ സ്വാധീനം കേവലം തിയേറ്റർ ചിരികളിൽ ഒതുങ്ങുന്നതല്ല. അദ്ദേഹം വെള്ളിത്തിരയിൽ പറഞ്ഞുപോയ ഓരോ വരികളും ഇന്ന് ശരാശരി മലയാളിയുടെ നിത്യജീവിതത്തിലെ വാമൊഴികളാണ്. സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടാക്കുമ്പോഴോ, അല്ലെങ്കിൽ ഏതെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം പരിഹസിക്കുമ്പോഴോ ഒരു സലീം കുമാർ ഡയലോഗ് എങ്കിലും ഓർക്കാത്ത മലയാളികൾ കാണില്ല.


മലയാളിയെ കുടുക്കു ചിരിയിൽ വീഴ്ത്തിയ, ഇന്നും കാതുകളിൽ മുഴങ്ങുന്ന സലീം കുമാറിന്റെ ചില അനശ്വരമായ ചലച്ചിത്ര സംഭാഷണങ്ങളിലൂടെ ഒരു യാത്ര.
- മണവാളൻ യുഗം (പുലിവാൽ കല്യാണം – 2003)
ഷാഫി സംവിധാനം ചെയ്ത ‘പുലിവാൽ കല്യാണം’ എന്ന ചിത്രത്തിലെ ‘മണവാളൻ’ എന്ന ഒരൊറ്റ കഥാപാത്രം മതി സലീം കുമാർ എന്ന ഹാസ്യപ്രതിഭയുടെ റേഞ്ച് മനസ്സിലാക്കാൻ. ചിത്രത്തിലെ ഭൂരിഭാഗം ഡയലോഗുകളും ഇന്നും ട്രെൻഡിംഗാണ്.
“അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര്‍ വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ്..”. “നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളൻ ആൻഡ് സൺസ് എന്നാ ഈ ബോർഡും ഈ ഞാനും പിന്നെ ഈ പൈപ്പും.”
“നിങ്ങള്‍ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ কയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതും പണമാണ്. നിങ്ങള്‍ക്ക് ഞാന്‍ കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന്‍ ആരാ മോൻ!”. “അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! പടക്കങ്ങള്‍ എന്റെ വീക്നെസ്സാണ്.”
“ആസ് ലോങ്ങ് ആസ് ദി റീസണ്‍ ഈസ് പോസ്സിബ്ലെ” എന്നും “ഈ ബ്ലഡി ഇന്ത്യന്‍സ് ആന്റ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില് കൂലി പണിയാണെന്ന്…” എന്നുമുള്ള മണവാളന്റെ വരികൾ ചിരിയുടെ മാലപ്പടക്കമാണ് തീർത്തത്.
സവാള ഗിരിഗിരിയും എന്തിനോ തിളയ്ക്കുന്ന സാമ്പാറും
ഷാഫിയുടെ തന്നെ ‘കല്യാണരാമൻ’ എന്ന ചിത്രത്തിലെ ‘പ്യാരി’ എന്ന പാചകക്കാരൻ സലീം കുമാറിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ!” – മലയാളികൾ ഇന്നും അനാവശ്യ ബഹളങ്ങൾ കാണുമ്പോൾ ഉപയോഗിക്കുന്ന പ്രധാന വരി ഇതാണ്. ഗിരിഗിരി സ്റ്റൈൽ: “സവാള ഗിരിഗിരിഗിരി…”
“ഞാൻ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാൻ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല.”
“ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാ.”


ഇതൊക്കെ എന്ത്! (മായാവി – 2007)
‘മായാവി’ എന്ന ചിത്രത്തിലെ ആശാൻ എന്ന കഥാപാത്രം ചെറിയ സീനുകളിൽ മാത്രമാണ് വരുന്നതെങ്കിലും പറഞ്ഞ ഡയലോഗുകൾ എല്ലാം സൂപ്പർ ഹിറ്റാണ്. “ധിധക്കെ എന്ത്!” (ഇതൊക്കെ എന്ത്!) എന്ന ഒരൊറ്റ പ്രയോഗം മതി ഏത് വലിയ കാര്യത്തെയും നിസ്സാരവൽക്കരിക്കാൻ. “ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ?”
കോമൺസെൻസിന്റെ ആശാൻ
വനിതാ കോളേജിലെ ഏക ആൺതരിയായ പൃഥ്വിരാജിന്റെ കഥ പറഞ്ഞ ‘ചോക്കളേറ്റിൽ’ സലീം കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ കൗണ്ടർ അടിക്കാൻ പറ്റിയ മികച്ച ആയുധങ്ങളാണ്.
“നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ ….” – ഇന്നും സുഹൃത്തുക്കളെ കളിയാക്കാൻ ഇതിലും നല്ലൊരു ഡയലോഗ് വേറെയില്ല.
“അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇങ്ങോട്ടു നോക്കിയാലും മതി.” “മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ.”
തെങ്കാശിപ്പട്ടണത്തിലെ മിണ്ടാതിരിയും ഈശ്വരനും
സലീം കുമാറിനെ മുൻനിര ഹാസ്യനടന്മാരുടെ നിരയിലേക്ക് ഉയർത്തിയ ചിത്രമാണിത്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിലെ ഡയലോഗുകൾ ഇന്നും പ്രസക്തമാണ്. “ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ!” “സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേ.” “ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് … ഡോണ്ടു ഡോണ്ടു.”
അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ നന്ദി പ്രകടനം (മീശ മാധവൻ – 2002)
ലാൽ ജോസിന്റെ ‘മീശമാധവൻ’ എന്ന ചിത്രത്തിലെ വക്കീൽ കഥാപാത്രം സലീം കുമാറിന്റെ ഭാവപ്രകടനങ്ങൾ കൊണ്ട് മാത്രം ശ്രദ്ധേയമായ ഒന്നാണ്. “നന്ദി മാത്രമേ ഉള്ളു അല്ലെ.. എന്ന കൗണ്ടർ എക്കാലത്തും മലയാളി ഓർക്കും.
“ഞാൻ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്!”. “മിസ്റ്റർ മാധവൻ നായർ നിങ്ങളെ ഞാൻ വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികൾക്കും ചേർത്ത് ഒറ്റ വിധിയാണെന്നാണ് തോനണതു.”


മറ്റു പ്രധാന ഡയലോഗുകൾ (തിളക്കം, ചതിക്കാത്ത ചന്തു, തൊമ്മനും മക്കളും)
തിളക്കം (2003): “ഒന്നാം ക്ലാസ്സ് മുതല്‍ കഞ്ചാവ് വലിച്ചിരുന്നെങ്കിൽ ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു…” എന്ന ഡയലോഗും, “ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല …” എന്ന വരിയും ഇന്നും ചിരി ഉണർത്തുന്നു.
ചതിക്കാത്ത ചന്തു (2004): “ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി” എന്ന ഡയലോഗ് ഇന്നും പ്രശസ്ത വ്യക്തികളെ ട്രോളാൻ ഉപയോഗിക്കുന്നു.
തൊമ്മനും മക്കളും (2005): “ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന് ഗുണ്ട, അമ്മാവന് ഗുണ്ട, അപ്പുപ്പന് ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപ്പെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി…” ലാൽ-മമ്മൂട്ടി കൂട്ടുകെട്ടിനൊപ്പം നിന്ന് സലീം കുമാർ തകർത്താടിയ സീനാണിത്.
അറബിക്കഥ (2007): “വേർ ഈസ് മുകുന്ദൻ? എന്ത് കുന്ദൻ? വോ കിധറോ ഗയാ…” എന്ന പ്രവാസ ലോകത്തെ തമാശയും ശ്രദ്ധേയമാണ്.
വെറുമൊരു കോമഡി പറയുന്നതിനപ്പുറം, ആ വാക്കുകൾക്ക് സ്വന്തം ശരീരഭാഷ കൊണ്ടും ശബ്ദവ്യതിയാനം കൊണ്ടും ജീവൻ നൽകാൻ സലീം കുമാറിന് കഴിഞ്ഞു എന്നതിനാലാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഡയലോഗുകൾ മലയാളികൾ നെഞ്ചേറ്റുന്നത്. കാലം എത്ര കഴിഞ്ഞാലും, സിനിമകൾ എത്ര പുതിയത് വന്നാലും ‘മണവാളനും’ ‘പ്യാരിയും’ ‘മുകുന്ദനുണ്ണിയും’ മലയാളിയുടെ ചുണ്ടുകളിൽ ചിരിയായി തിളങ്ങിനിൽക്കുക തന്നെ ചെയ്യും.



