കോഴിക്കോട്– കോഴിക്കോട് നഗരത്തിലെ വിവിധ മത സാമുദായിക നേതാക്കളുടെ കൂട്ടായ്മയായ മിഷിൻ്റെ ( മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ) നേതൃത്വത്തിൽ മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും സംവദിക്കുകയും ചെയ്തു. സി എസ് ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, കോഴിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ, രാമകൃഷ്ണ മിഷൻ സെക്രട്ടരി സ്വാമി നരസിംഹാനന്ദ, ഇംഗ്ലീഷ് പള്ളി വികാരി റവ . ഡോ ടി ഐ ജെയിംസ്, ആർ. ജയന്ത് കുമാർ, എസ് എൻ ഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , മിഷ് കോർഡിനേറ്റർ മുസ്തഫ മുഹമ്മദ്, പി കെ കൃഷ്ണനുണ്ണി രാജ , സനാഫ് പാലക്കണ്ടി, നസീർ ഹുസൈൻ, എ വി ഫർദിസ്, സുബൈർ കൊളക്കാടൻ എന്നിവർ സംബന്ധിച്ചു.
പാർസി ടെമ്പിൾ ട്രസ്റ്റിമാരായ സുബിൻ മാർഷൽ, ജാസ്മിൻ, സുബിൽ എന്നിവർ കോഴിക്കോട്ടെ പാർസി ചരിത്രം ഹ്രസ്വമായി വിശദീകരിച്ചു. ആർ. ജയന്ത് കുമാർ സ്വാഗതം പറഞ്ഞു. സുധീഷ് കേശവപുരി സുബിൻ മാർഷലിനെ കോഴിക്കോട് മത സമുദായ നേതൃത്വങ്ങൾക്ക് വേണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. മുസ്തഫ മുഹമ്മദ് കൃതജ്ഞത പറഞ്ഞു. ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, ഡോ. ഹുസൈൻ മടവൂർ, സ്വാമി നരസിംഹാനന്ദ, സ്വാമി പ്രേമാനന്ദ എന്നിവർ പ്രസംഗിച്ചു. തുറമുഖ നഗരമായ കോഴിക്കോട് നൂറ്റാണ്ടുകൾക്ക് മുൻപ് എത്തിച്ചേരുകയും നമ്മുടെ നാടിൻ്റെ സാംസ്കാരിക തുടിപ്പുകൾ ഏറ്റു വാങ്ങുകയും എണ്ണത്തിൽ കുറവാണെങ്കിലും സ്വന്തം വ്യക്തിത്വം നിലനിർത്തി കൊണ്ട് നമ്മുടെ രാജ്യത്തിൻ്റെ സർവ്വതോമുഖമായ പുരോഗതിയിൽ അതി വിശിഷ്ടമായ പങ്കാളിത്തം വഹിക്കുകയും ചെയ്ത ജന സമൂഹമാണ് പാർസികളെന്ന് യോഗം അനുസ്മരിച്ചു.
ഇപ്പോൾ കേരളത്തിലുള്ള ഏക പാർസി ടെംപിൾ ആണിത്. ഒരു പാർസി കുടുംബം മാത്രമേ കോഴിക്കോട്ടുള്ളൂ. നമ്മുടെ നാടിൻ്റെ നൻമയുടെ പ്രതീകമായി സംരക്ഷിത സ്മാരകമായി കോഴിക്കോടിൻ്റെ ചരിത്രത്തിൽ എന്നും നിലനിൽക്കേണ്ടതാണ് ഈ പൈതൃക സ്മാരകമെന്നും യോഗം വിലയിരുത്തി. അടുത്ത ഘട്ടത്തിൽ ബുദ്ധ വിഹാരത്തിലും ഹിന്ദു ക്ഷേത്രത്തിലും മുസ്ലിം ക്രിസ്ത്യൻ പള്ളികളിലും ഇത്തരം സന്ദർശനങ്ങൾ നടത്തുമെന്നും മിഷ് ഭാരവാഹികൾ പറഞ്ഞു.



