കൊച്ചി– ഇതുവരെ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ പോലീസ് പിടിയിലായ റാപ്പര്‍ വേടന്‍. മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പഴുമറിയില്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യപരിശോധനക്കായി കൊണ്ട് പോകുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റാപ്പർ.
പുലിപ്പല്ല് കൈവശം വച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയടക്കമുള്ള 7 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്നയാൾ തന്ന പുലിപ്പല്ല് തൃശൂരിലെ ജ്വല്ലറിയില്‍ വെച്ചാണ് രൂപം മാറ്റിയതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തൃശൂരിലെ ഫ്‌ളാറ്റിലും ജ്വല്ലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് വനം വകുപ്പിന്റെ നീക്കം. രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഞ്ചാവ് വലിക്കുന്നതിനിടെ ഇന്നലെയാണ് വേടനും സുഹൃത്തുക്കളും അറസ്റ്റിലായത്.