പത്തനംതിട്ട– വിവാദ ആരോപണങ്ങളിൽ വിശദീകരണം നൽകാൻ യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. ഇപ്പോൾ വിഷയത്തിൽ വിശദീകരണം നൽകേണ്ടതില്ലെന്ന നിലപാടാണ് റദ്ദാക്കലിന് പിന്നിലെന്ന് രാഹുൽ പറഞ്ഞു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മാധ്യമങ്ങളെ കാണേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് സൂചന.
വിവാദങ്ങൾ തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കർശന നടപടി ഉറപ്പിച്ചു പറയുമ്പോൾ, ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ചില നേതാക്കൾ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “ഞങ്ങൾ ഈ വിഷയം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളിൽ അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇനി പാർട്ടി അന്വേഷണം നടത്തും. അതിന് നിശ്ചിത നടപടിക്രമമുണ്ട്,” വി.ഡി സതീശൻ പറഞ്ഞു.
എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് പരിഗണനയിൽ പോലുമില്ലെന്ന് അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. “ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കാണ് അവ തെളിയിക്കേണ്ട ഉത്തരവാദിത്തം. എന്നോട് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതിന്റെ പേര് പറഞ്ഞല്ല യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത്, എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ട. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” രാഹുൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായി ആരോപിക്കപ്പെടുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനം റദ്ദാക്കിയത്. ഇത് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജാണ് ആദ്യം രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേര് വെളിപ്പെടുത്താതെയുള്ള അവരുടെ ആരോപണം. തുടർന്ന് കൂടുതൽ പേർ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി, ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.