തിരുവനന്തപുരം– ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്ക് നൽകാനാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ തീരുമാനം. രാഹുലിന് സഭയിൽ പങ്കെടുക്കാൻ തടസ്സമില്ലെങ്കിലും, പങ്കെടുക്കണോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതുവരെ രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ല.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്, ഒക്ടോബർ 10 വരെ തുടരും. ലൈംഗിക ആരോപണവും വിവാദങ്ങളും രാഹുലിനെ ചുറ്റിപ്പറ്റി ശക്തമാകുന്നതിനിടെയാണ് സമ്മേളനം. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ, പാർട്ടി അംഗത്വവും നഷ്ടപ്പെട്ടിരുന്നു. എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കോൺഗ്രസ് പിന്മാറി.
ഭരണകക്ഷി സംഘടനകളുടെയും ബി.ജെ.പിയുടെയും പ്രതിഷേധം രാഹുലിനെതിരെ തുടരുകയാണ്. സഭയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ രാഹുൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ, അദ്ദേഹം ഭരണപക്ഷത്തിന്റെ പ്രധാന വിമർശന വിഷയമാകും. പൊലീസ് സ്റ്റേഷനുകളിലെ മർദന വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കാൻ ശ്രമിക്കും.
അതിനിടെ, രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് വി.ഡി. സതീശൻ വീണ്ടും വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് സസ്‌പെൻഷൻ നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.