കോഴിക്കോട്: നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന്റെ കരിനിഴൽ ഒടുവിൽ വഴിമാറി; ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളുടെ പ്രാർത്ഥനകളും കണ്ണീരും സഫലമാക്കിക്കൊണ്ട് അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. കേരളക്കര ത്യാഗസ്മരണകളോടെ ബലിപെരുന്നാൾ ആഘോഷിക്കുന്ന പുണ്യമുഹൂർത്തത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് റഹീം വന്നിറങ്ങിയത്. തന്റെ പ്രിയപുത്രന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ പ്രാർത്ഥനാനിരതയായിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും, ഈ മോചനത്തിനായി കൈകോർത്ത ലക്ഷക്കണക്കിന് മനുഷ്യരുടെയും ദീർഘമായ കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്. റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച നിയമസഹായ സമിതിയിലെ പ്രധാനിയായ അറ്റോർണി സിദ്ദീഖ് തുവ്വൂർ റഹീമിനെ കരിപ്പൂർ വിമാനത്താവളം വരെ നേരിട്ട് അനുഗമിച്ചു. ഏതാനും നിമിഷത്തിന് ശേഷം പരിശോധന പൂർത്തിയാക്കി റഹീം പുറത്തിറങ്ങും.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുറഹീമിന്റെ ഈ മടങ്ങിവരവ് പ്രവാസ ലോകത്തിന്റെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒത്തൊരുമയുടെ വലിയൊരു വിളംബരമാണ്. ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച്, ഒരു മനുഷ്യജീവൻ തിരികെ നൽകാൻ മനസ്സുകാട്ടിയ ആ സൗദി കുടുംബത്തിന്റെ വലിയ ഹൃദയവും ഈ മോചനത്തിന് അടിസ്ഥാനമായി.
കൊല്ലപ്പെട്ട സൗദി ബാലൻ അനസ് അൽശഹ്‌റിയുടെ കുടുംബത്തിനുള്ള ദിയാധനമായ (രക്തപ്പണം) 34 കോടി രൂപ നേരത്തെ തന്നെ റിയാദ് ക്രിമിനൽ കോടതി വഴി ഇന്ത്യൻ എംബസി കൈമാറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് റഹീമിന് ജന്മനാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്.
ഒരു നിർഭാഗ്യ നിമിഷം മാറ്റിയെഴുതിയ ജീവിതം
2006 നവംബർ 18-നാണ് ഹൗസ് ഡ്രൈവർ വിസയിൽ റഹീം റിയാദിൽ എത്തുന്നത്. വാഹനാപകടത്തെ തുടർന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട്, വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന 18 വയസ്സുകാരനായ അനസ് അൽ ശഹ്റിയെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. എന്നാൽ സൗദിയിലെത്തി കൃത്യം ഒരു മാസം തികയുന്നതിനിടെ, ഡിസംബർ 24-ന് ആ നിർഭാഗ്യകരമായ സംഭവമുണ്ടായി.
അനസുമൊത്ത് കാറിൽ പുറത്തുപോയ റഹീം ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ, ചുവപ്പ് സിഗ്നൽ വകവെക്കാതെ വണ്ടി മുന്നോട്ടെടുക്കാൻ അനസ് ആവശ്യപ്പെട്ടുവെന്നാണ് റഹീം വ്യക്തമാക്കുന്നത്. അതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ അനസ് തന്റെ മുഖത്തേക്ക് തുപ്പുകയും വഴക്കിടുകയും ചെയ്തുവെന്നും, ഇത് തടയാൻ കൈ ഉയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയായിരുന്നുവെന്നും റഹീം പറയുന്നു. ഇതോടെ അനസ് അബോധാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. തുടർന്ന് 2006 ഡിസംബർ 25-നാണ് റഹീം അറസ്റ്റിലാകുന്നത്.
വധശിക്ഷാ വിധിയും സുദീർഘമായ നിയമപോരാട്ടവും
തുടക്കത്തിൽ പുറംലോകം അറിയാതിരുന്ന ഈ കേസ്, റിയാദിലെ മാധ്യമപ്രവർത്തകരായ ഷക്കീബ് കൊളക്കാടനും നജീം കൊച്ചുകലുങ്കും ജയിൽ സന്ദർശിച്ചതോടെയാണ് വെളിച്ചത്തുവരുന്നത്. തുടർന്ന് സൗദിയിലെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സർവകക്ഷി നിയമസഹായ സമിതി രൂപീകരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി, അഭിഭാഷകൻ അബു മിസ്ഫർ എന്നിവരുടെ ഇടപെടലുകൾ കേസിൽ നിർണ്ണായകമായി.
2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചു. ഇതിനെതിരെ വലിയ നിയമപോരാട്ടങ്ങളാണ് പിന്നീട് നടന്നത്. 2017-ൽ പ്രത്യേക ബെഞ്ച് വധശിക്ഷ റദ്ദാക്കിയെങ്കിലും, സൗദി കുടുംബത്തിന്റെ അപ്പീലിൽ 2019-ലും 2021-ലും കോടതികൾ വീണ്ടും വധശിക്ഷ ശരിവെച്ചു. ഇതോടെ നിയമപരമായ പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലായി. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്ന അനസിന്റെ പിതാവ് റോഡപകടത്തിൽ മരിച്ചതും ചർച്ചകൾ വഴിമുട്ടിച്ചു. വധശിക്ഷ വേണമെന്ന നിലപാടിൽ അനസിന്റെ മാതാവ് ഉറച്ചുനിന്നതും പ്രതിസന്ധി കൂട്ടി.
മലയാളി കാട്ടിയ സ്നേഹത്തിന്റെ അത്ഭുതം
അന്തിമ വിധി വന്നതോടെ റഹീമിന്റെ ജീവൻ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർത്തു. അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവർ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ 15 മില്യൺ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം സ്വീകരിച്ച് മാപ്പ് നൽക്കാമെന്ന് സൗദി കുടുംബം സമ്മതിച്ചു.
തുടർന്ന് ‘Save Abdul Rahim’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി രൂപീകരിച്ച ജനകീയ ഫണ്ടിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പണമൊഴുകി. കണ്ണീർ തുടയ്ക്കാനായി മലയാളി സമൂഹം കാട്ടിയ ഈ ഒരുമയിലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ കോടികൾ സമാഹരിക്കപ്പെടുകയും ഈ തുക കോടതി വഴി കൈമാറുകയും ചെയ്തു.
തുടർന്നും ദീർഘമായ നിയമനടപടികളിലൂടെയാണ് കേസ് കടന്നുപോയത്. റഹീമിന്റെ മോചനം നീണ്ടുപോയ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ഉമ്മ ഫാത്തിമ റിയാദിലെ ജയിലിലെത്തി മകനെ നേരിട്ട് സന്ദർശിച്ചിരുന്നു. ആ കണ്ണീർ കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഴുവൻ നിയമനടപടികളും പൂർത്തിയാക്കിയാണ് റഹീം ഇന്ന് സ്വന്തം മണ്ണിൽ ഉമ്മയുടെ അരികിലേക്ക് തിരിച്ചെത്തിയത്. സൗദി അറേബ്യൻ ഭരണകൂടത്തിന്റെ കാരുണ്യത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സമാനതകളില്ലാത്ത ഒത്തൊരുമയുടെയും വിജയമായാണ് റഹീമിന്റെ ഈ മോചനം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്.



