മലപ്പുറം- ഇടതു ക്യാമ്പിന് വൻ പ്രതീക്ഷയേകി പി.വി അൻവറിന്റെ പുതിയ വെളിപ്പെടുത്തൽ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരം വോട്ടുകൾ സ്വരാജിന് ക്രോസ് വോട്ട് വഴി ലഭിച്ചതായി അൻവർ വെളിപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്.
ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന ഭയത്താൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം പേർ സ്വരാജിന് മറിച്ചു ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി മറികടന്നും തനിക്ക് ജയിക്കാനാകുമെന്നും അൻവർ പറഞ്ഞു. നാളെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കുമെന്നും ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുതെന്നും അൻവർ പറഞ്ഞു.
തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കും എന്ന് ഭയന്ന് യു.ഡി.എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതായും അൻവർ പറഞ്ഞു. എങ്കിലും അതിനെയും മറികടന്ന് വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്‍ഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായതെന്നും അൻവർ പറഞ്ഞു.