തിരുവനന്തപുരം– വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നയിച്ച മാർച്ചിനിടെ പോലീസിനു നേരെ കല്ലേറും മറ്റു ആക്രമണങ്ങളും ഉണ്ടായി. ഇതിനെ തുടർന്ന് പോലീസ് ജലപീരങ്കിയും ലാത്തിചാർജും നടത്തി.
പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് തീപ്പന്തം എറിയുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിനെ വഴിതടഞ്ഞത്. ഷാഫിക്കും സംഘത്തിനും നേരെ തെറിവിളിച്ചതായും ആരോപണമുയർന്നു. കാറിൽനിന്ന് ഇറങ്ങി ഷാഫി റോഡിൽ പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി. കോൺഗ്രസ് നേതാക്കളെ തടഞ്ഞ് അക്രമിച്ചാൽ നിശ്ശബ്ദരായി നോക്കിനിൽക്കില്ലെന്നും തിരിച്ചടിക്കുമെന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു.
ഷാഫിയെ തടഞ്ഞതിൽ പ്രതിഷേധിച്ച് വടകരയിൽ കെ.കെ. രമ എംഎൽഎയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധവും നടന്നു