കോഴിക്കോട്- യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിറിനെതിരായ സംഘടനാ നടപടിയിൽ യൂത്ത് ലീഗിൽ പ്രതിഷേധം രൂക്ഷം. കൊണ്ടോട്ടി മുണ്ടംപറമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഷൗക്കത്ത് മുണ്ടംപറമ്പിലിനെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് ഷാക്കിറിനെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തത്. സംഘടനയുടെ മുഴുവൻ ചുമതലകളിൽനിന്നും ഷാക്കിറിനെ മാറ്റി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് നടപടി സ്വീകരിച്ചത്. എന്നാൽ ഷാക്കിറിനോട് ഇതേവരെ വിശദീകരണം പോലും ചോദിക്കാതെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി നടപടി സ്വീകരിച്ചത് എന്നാണ് യൂത്ത് ലീഗ് ഉയർത്തുന്ന വിമർശനം. യൂത്ത് ലീഗിന്റെ ദേശീയ ചുമതലയുള്ള ഷാക്കിറിനെ പദവിയിൽനിന്ന് മാറ്റുമ്പോൾ ഏറ്റവും ചുരുങ്ങിയത് അദ്ദേഹം ഉൾപ്പെടുന്ന കമ്മിറ്റിയെ അറിയിക്കണം എന്ന പ്രാഥമിക ഉത്തരവാദിത്വം പോലും ലീഗ് നേതൃത്വം പാലിച്ചില്ലെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.
മരിച്ച വ്യക്തിയെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ അതേപടി പകർത്തുക മാത്രമാണ് ചെയ്തത് എന്നുമാണ് ഷാക്കിറിനെ അനുകൂലിക്കുന്നവർ ഉയർത്തുന്ന വാദം. തന്നെ പള്ളിപ്പറമ്പിൽ മറവു ചെയ്യരുതെന്ന് മരിച്ച അതേ വ്യക്തി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. ഇത് വീണ്ടും ആവർത്തിക്കുക മാത്രമാണ് ഷാക്കിർ ചെയ്തത്. എന്നാൽ ചില മാധ്യമങ്ങൾ ഇത് ഷാക്കിർ സ്വന്തം അഭിപ്രായമായി കുറിച്ചുവെന്ന തരത്തിലാണ് മുൻ നിര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. ചില മാധ്യമങ്ങൾ വാർത്ത പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ ഈ വാർത്ത പലരും വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഷാക്കിറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ലീഗിന് അവമതിപ്പുണ്ടാക്കി എന്നാരോപിച്ചാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്. എന്നാൽ ഇതേവരെ ഷാക്കിറിനോട് ഇത് സംബന്ധിച്ച് ഒരു വിശദീകരണവും പാർട്ടി തേടിയിട്ടില്ല.
നിരവധി ലീഗ് പ്രവർത്തകരാണ് ഷാക്കിറിന് അനുകൂലമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഷാക്കിറിനോടുള്ള നടപടി മാത്രമല്ലെന്നും ലീഗിന്റെ പ്രവർത്തന പാരമ്പര്യത്തോടുള്ള ചോദ്യം കൂടിയാണെന്നാണ് മുബീൻ ആക്കോട് ഫെയ്സ് ബുക്കിൽ കുറിച്ചത്. വിദ്യാർത്ഥി കാലം മുതൽ സംഘടനയ്ക്കൊപ്പം നിന്ന നേതാവാണ് ഷാക്കിറെന്നും എം.എസ്.എഫ്
സമരങ്ങൾക്കും പ്രവാസ ലോകത്ത് കെഎംസിസിയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഷാക്കിർ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ യൂത്ത് ലീഗിന്റെ ദേശീയ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു.
പദവികൾക്ക് വേണ്ടി മാത്രം സംഘടനയിൽ നിൽക്കുന്ന ഒരാളല്ല ഷാക്കിർ.പ്രവർത്തനത്തിലൂടെ സംഘടനയിൽ തന്റെ ഇടം കണ്ടെത്തിയ നേതാവാണെന്നും അദ്ദേഹത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം പോലും നൽകാതെ പെട്ടെന്ന് നടപടി സ്വീകരിച്ചുവെന്ന വാർത്ത ഏറെ ആശങ്കയോടെയാണ് കാണുന്നത്. സംഘടനയിൽ തെറ്റുണ്ടെങ്കിൽ നടപടി എടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ നടപടിക്ക് മുമ്പ് വിശദീകരണം ചോദിക്കുക, വസ്തുതകൾ പരിശോധിക്കുക, അദ്ദേഹത്തിന്റെ ഭാഗം കേൾക്കുക — ഇതൊക്കെ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മര്യാദകളല്ലേ?വർഷങ്ങളോളം സംഘടനയ്ക്കുവേണ്ടി സമരമുഖത്തും പ്രവാസ ലോകത്തും ദേശീയ തലത്തിലും പ്രവർത്തിച്ച ഒരാളോട് ഇത്രയും ധൃതി കാണിക്കേണ്ട സാഹചര്യം എന്തായിരുന്നു? സംസ്ഥാന നേതൃത്വം മറുപടി പറയണം. ഷാക്കിറിന്റെ നിലപാട് ശരിയാണോ തെറ്റാണോ എന്നതിലുപരി, ഒരു പ്രവർത്തകനെ കേൾക്കാതെ തീരുമാനമെടുക്കുന്ന രീതി ചോദ്യം ചെയ്യപ്പെടണം. മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ആവേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്ന വേദിയാകരുതെന്നും അദ്ദേഹം എഴുതുന്നു.
ഷാക്കിറിനെതിരായ നടപടിയിൽ യൂത്ത് ലീഗിന്റെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പാർട്ടിയെ അറിയിച്ചുകഴിഞ്ഞു എന്നാണ് സൂചന.







