താമരശ്ശേരി – താമരശ്ശേരി ചുരത്തിൽ തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി എംപി. താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും തുടർച്ചയായി മണ്ണിടിച്ചിൽ തടയുന്നതിനായി വിദഗ്ധ സമിതിയെ അടിയന്തരമായി അയക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരോഗ്യ ആവശ്യങ്ങൾക്കുൾപ്പെടെ വയനാട്ടിലെ ജനങ്ങൾ ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടെന്നും പ്രയങ്ക ഗാന്ധി ഗഡ്കരിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈവേയുടെ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനായി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ബദല്‍പാത ഒരുക്കാനുള്ള നടപടികള്‍ പരിഗണിക്കണമെന്നും പ്രയങ്ക ആവശ്യപ്പെട്ടു.
നിലവിൽ മഴ കുറയുന്ന സമയങ്ങളിൽ താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായിട്ടുണ്ട്. ചുരത്തിൽ ഇടിഞ്ഞ കല്ലും മണ്ണും പൂർണമായും നീക്കിയിട്ടുണ്ട്. ഭാരമേറിയ വാഹനങ്ങൾ കടത്തിവിടില്ല.