- എ.ഡി.എമ്മിനെ അപമാനിക്കലായിരുന്നു പി.പി ദിവ്യയുടെ ലക്ഷ്യം. കേസിൽ പ്രതിക്ക് വ്യക്തമായ പങ്കുണ്ട്. അപക്വമായ നടപടിയാണ് നവീൻ ബാബുവിനെതിരെ ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും കോടതി വിധിപ്പകർപ്പിൽ വ്യക്തമാക്കി.
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ സാധാരണ ജാമ്യം പോലും അർഹിക്കുന്നില്ലെന്ന ഗുരുതര കണ്ടെത്തലുമായി കോടതി. സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിപ്പകർപ്പിലാണ് ജഡ്ജി ജസ്റ്റിസ് നിസാർ അഹമ്മദിന്റെ നിരീക്ഷണം.
നവീൻ ബാബുവിനെതിരായ ദിവ്യയുടെ പ്രസംഗം അടക്കമുള്ള നീക്കങ്ങൾ ആസൂത്രിതമാണെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിധിപ്പകർപ്പിൽ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാനും സാധ്യതയുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള പരിഗണന എന്നല്ല, സാധാരണ ജാമ്യത്തിനുള്ള അർഹത പോലും ഇല്ലെന്നും ഉത്തരവിലുണ്ട്.
എ.ഡി.എമ്മിനെ അപമാനിക്കലായിരുന്നു പി.പി ദിവ്യയുടെ ലക്ഷ്യം. കേസിൽ പി.പി ദിവ്യക്ക് വ്യക്തമായ പങ്കുണ്ട്. അപക്വമായ നടപടിയാണ് നവീൻ ബാബുവിനെതിരെ ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. ദിവ്യയുടെ പ്രസംഗത്തോടെ പ്രവർത്തകരുടെ മുന്നിൽ എ.ഡി.എം അപമാനിതനായി. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രവൃത്തിയുണ്ടായത്. പ്രതിക്ക് ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നല്കലാകുമത്. മുൻകൂർ ജാമ്യം നൽകാനുള്ള കേസ് അല്ല ഇതെന്നും 38 പേജുള്ള വിധിപകർപ്പിൽ കോടതി വ്യക്തമാക്കി.