കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിലായ സി.പി.എം നേതാവ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതിക്കായി മുതിർന്ന അഭിഭാഷകൻ കെ വിശ്വൻ ജാമ്യാപേക്ഷ നൽകുക.
ഇതിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ എതിർ കക്ഷി ചേരുമെന്നാണ് വിവരം. പ്രതിക്ക് ജാമ്യം നൽകരുതെന്നും കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാവും കുടുംബം എതിർ കക്ഷി ചേരുക. ജാമ്യാപേക്ഷയിൽ വിശദമായ വാദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാമ്യ ഹരജിയിൽ ഇന്ന് തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.
അതിനിടെ, പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസും ഇന്ന് കോടതിയെ സമീപിക്കും. പ്രത്യേക അന്വേഷണസംഘം തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതിനായി അപേക്ഷ നല്കുക. അറസ്റ്റിനു പിന്നാലെയുള്ള പ്രതിയുടെ മൊഴിയും അന്വേഷണ പുരോഗതിയും പോലീസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും.
പ്രതിയെ സംരക്ഷിക്കില്ലെന്നും കേസിലെ ഇര നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും ആവർത്തിക്കാൻ സി.പി.എം നേതൃത്വം നിർബന്ധിതരായെങ്കിലും, പി.പി ദിവ്യയുടെ ഒളിവു ജീവിതത്തിലും ജാമ്യാപേക്ഷ തള്ളിയതിനു ശേഷവുമെല്ലാം പ്രതിക്ക് ലഭിച്ച ‘പോലീസ് കരുതൽ’ സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
ഇന്ന് ചേരുന്ന സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ദിവ്യ വിഷയം ചർച്ചയാകുമെങ്കിലും പാർട്ടി തല നടപടി പോലീസ് റിപോർട്ടുകൾ കൂടി പരിഗണിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരിക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റിയതിനപ്പുറം സംഘടനാതല നടപടി പെട്ടെന്നു വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വമുള്ളത്. എന്നാൽ, വരാനിരിക്കുന്ന ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ പരിഗണിക്കില്ലെന്നാണ് അറിയുന്നത്.