പൊന്നാനി: ചരിത്രനഗരത്തിന്റെ പ്രൗഢി വിളിച്ചോതി നിളയോര പാതയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ബെൻസി നൈറ്റ് ഈദ് നിലാവ്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറബിക്കടലിന്റെ ഇരമ്പലും ഭാരതപ്പുഴയുടെ തണുപ്പും ഒത്തുചേർന്ന വേദിയിൽ സംഗീതത്തിന്റെ മാസ്മരിക വിരുന്നാണ് അരങ്ങേറിയത്. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന അക്ബർ ഗ്രൂപ്പിന്റെ സഹവിഭാഗമായ ബെൻസി ഗ്രൂപ്പാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കർമ്മ പൊന്നാനി, അടയാളം പൊന്നാനി, പൊന്നാനി സ്പോർട്സ് അസോസിയേഷൻ, വോയിസ് ഓഫ് പൊന്നാനി വാട്സാപ്പ് ഗ്രൂപ്പ്, പുഴമ്പ്രം ഗ്രാമം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നടന്ന പരിപാടി ഒരു ദേശത്തിന്റെ ഒത്തൊരുമയുടെ വിളംബരമായി മാറി.


പ്രശസ്ത പിന്നണി ഗായികമാരായ ഫാരിഷ ഹുസൈൻ, ഷഹജ മലപ്പുറം, പ്രശസ്ത ഗായക ദമ്പതികളായ റിയാന-റമീസ്, ഖാദർ ഷാ എടപ്പാൾ, സ്മിത കൊച്ചി, ജിതിൻ കലാഭവൻ, അനീഷ് റഹ്‌മാൻ പട്ടുറുമാൽ, മിസ്‌ന മഞ്ചേരി, ഫിസ, ബീഗം ഷഹർബാനു എന്നിവർ ചേർന്നൊരുക്കിയ ഗാനസന്ധ്യ കാണികളെ ആവേശത്തിലാഴ്ത്തി. പഴയതും പുതിയതുമായ മാപ്പിളപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളും കോർത്തിണക്കിയ പരിപാടി മണിക്കൂറുകളോളം നീണ്ടുനിന്നു. വോയിസ് ഓഫ് മലബാർ കലാപ്രതിഭകൾ അവതരിപ്പിച്ച ഒപ്പനയും കാണികളുടെ മനം കവർന്നു.
ബെൻസി ഗ്രൂപ്പ് മേധാവി ഡോ. കെ.വി. അബ്ദുൽ നാസർ കുടുംബസമേതം പരിപാടിയിൽ ഉടനീളം സംബന്ധിച്ചു. പൊന്നാനിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളാണ് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള ഈ സംഗീത വിരുന്നിൽ അണിനിരന്നത്.



