കൊച്ചി: അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ കേരള പൊലീസ്. അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ പ്രത്യേക സംഘമായി അന്വേഷണം നടത്തും. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല പറ്റുമെങ്കില്‍ പിടികൂടാം എന്ന് പൊലീസിനെ അര്‍ജുന്‍ അയങ്കി വെല്ലുവിളിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. ‘വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
‘ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും’, എന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ന്യായീകരണവുമായി ഇന്ന് അര്‍ജുന്‍ ആയങ്കി രംഗത്തെത്തി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്.






