കാസർകോഡ്- ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഓരോ മലയാളിയുട മനസ്സിലെയും ഒരു നോവോർമ്മ കൂടിയാണ് അർജുനും ഷിരൂർ കടവും. 2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ രൗദ്രഭാവം പൂണ്ട ദിവസം. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിക്കുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.
ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു.
ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.
അർജുനെ കണ്ടെത്തണമെന്ന് ആശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് പല തവണ നിർത്തിവച്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനും അർജുനെ കണ്ടെത്താനും കേരളമാകെ ഒത്തൊരുമിച്ച് നിന്നു.
ഒടുവിൽ സെപ്റ്റംബർ 25ന് അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു. കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാർ, സോണർ സിഗ്നൽ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നേവി അടയാളപ്പെടുത്തി നൽകിയ 4 പോയിന്റുകളിൽ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയിരുന്നത്