കോഴിക്കോട്- പാക് പൗരത്വമുള്ളവർ ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴക്കോട് ജില്ലയിൽ താമസിക്കുന്നവർക്ക് നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് നോട്ടീസ് പിൻവലിച്ചത്. കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് നൽകിയിരുന്നത്. ഹംസക്ക് നൽകിയ നോട്ടീസാണ് പിൻവലിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് റൂറൽ പോലീസാണ് നോട്ടീസ് നൽകിയിരുന്നത്.
ഹംസ ജനിച്ചത് കേരളത്തിലാണ്. 1965-ലാണ് ജോലിക്കായി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയത്. ഹംസയുടെ സഹോദരന് കറാച്ചിയിൽ കടയുണ്ടായിരുന്നു. 1972-ൽ നാട്ടിലേക്ക് പോരാൻ ശ്രമിച്ചപ്പോൾ പാസ്പോർട്ടുണ്ടായിരുന്നില്ല. തുടർന്ന് പാക്കിസ്ഥാന്റെ പാസ്പോർട്ട് സ്വീകരിച്ചു. 2007ല്‍ കറാച്ചിയിലെ ബിസിനസ് അവസാനിപ്പിച്ച് കേരളത്തില്‍ എത്തി.
കറാച്ചിയില്‍ ബിസിനസ് നടത്തുകയായിരുന്ന പിതാവ് മരിച്ചശേഷമാണ് ഖമറുന്നീസയും അസ്മയും കേരളത്തിലെത്തി. കണ്ണൂരിൽ താമസിച്ചിരുന്ന ഖമറുന്നീസ പിന്നീട് 2022ല്‍ വടകര ചൊക്ലിയിലെത്തി. 2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പൗരന്‍മാരുടെ വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യം വിടാനുള്ള നിർദ്ദേശം പോലീസ് നൽകി. പാക്കിസ്ഥാനിൽ ഇവർക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല.