ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘ഞെട്ടിക്കുന്ന വാർത്തക്ക്’ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ലെന്നും വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കഥകൾ വരുന്നതിൽ ഭയമില്ല. പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ,” അദ്ദേഹം പറഞ്ഞു.
24 മണിക്കൂർ മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവയ്പ്പിക്കുമെന്ന് ശക്തമായി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും താത്കാലികമായി ഒഴിഞ്ഞുമാറുകയാണ്. രാഹുലിന്റെ ഭീഷണി മൂലമാണ് രാജി വേണ്ടെന്ന് തീരുമാനിച്ചത്. രാജിവെച്ചാൽ മറ്റുള്ളവരുടെ കഥകളും പുറത്തുപറയും എന്ന ഭീഷണിയാണ് കാരണം,” ഗോവിന്ദൻ വ്യക്തമാക്കി. കേസ് വന്നിട്ടാണ് രാജിവെക്കേണ്ടതെങ്കിൽ, പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
“കേസിനെക്കാളും ഗുരുതരമായ തെളിവുകൾ പുറത്തുവന്നു. സ്ത്രീകൾ തന്നെ പേര് വെളിപ്പെടുത്തി രംഗത്തെത്തി. ഇനി ഒന്നും പറയാനില്ല, എല്ലാം തെളിവാണ്, ആരോപണമല്ല. കോൺഗ്രസ് നേതാക്കൾ പോലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാജിവെക്കാതെ കേരളത്തിൽ രാഷ്ട്രീയം തുടരാൻ രാഹുലിന് കഴിയില്ല. ഇത് ഷാഫി പറമ്പിലിനെപ്പോലുള്ളവർക്കും അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാകും. കൂടുതൽ പറഞ്ഞാൽ അപകടമാണ് -രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
സിപിഎമ്മിനെതിരായ വി.ഡി. സതീശന്റെ താക്കീതിനും ഗോവിന്ദൻ മറുപടി നൽകി. കഥകൾ വരട്ടെ, ഞങ്ങൾക്ക് ഭയമില്ല. പറയുന്നതല്ലാതെ എന്താണ് വരുന്നത്? കൃത്യമായ നിലപാടോടെ ഞങ്ങൾ മുന്നോട്ടുപോകും. ഉമാ തോമസ് എംഎൽഎയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണെന്നും ഗോവിന്ദൻ ആരോപിച്ചു.