തിരുവനന്തപുരം- കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തലിന് മുൻകൂർ ജാമ്യമില്ല. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. രാഹുലിനെ പാർട്ടിയിൽനിന്ന് കോൺഗ്രസ് പുറത്താക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസും രംഗത്തുണ്ട്. വൻ തിരിച്ചടിയാണ് രാഹുലിന് പാർട്ടിയിൽനിന്നും കോടതിയിൽനിന്നും ഒരേ സമയം നേരിടേണ്ടി വന്നത്.
യുവതിയെ മാനഭംഗപ്പെടുത്തി നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി എന്ന കേസിലാണ് രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. രാഹുലിനെ തേടി പോലീസ് നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതേവരെ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കുകയാണ് അഭികാമ്യമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
കോടതി വിധി വന്ന് അടുത്ത നിമിഷം തന്നെ രാഹുലിനെ പുറത്താക്കി കോൺഗ്രസ് അധ്യക്ഷൻ സണ്ണിക്കുട്ടി എബ്രഹാം വാർത്താകുറിപ്പിറക്കി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാഹുലിനെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. എ.ഐ.സി.സിയുടെ അനുമതിയോടെയാണ് പാർട്ടി നടപടിയെന്നും എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും സണ്ണിക്കുട്ടി എബ്രഹാം ആവശ്യപ്പെട്ടു.



