കാസര്‍കോട്– കാസര്‍കോട് ചേര്‍ക്കളയില്‍ ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. കാറില്‍ യാത്ര ചെയ്തിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് എര്‍ട്ടിഗ കാറിന് തീപിടിച്ചത്. പുക കണ്ടയുടനെ കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി.
ഒന്നര മാസം മുമ്പ് വാങ്ങിയ സി.എന്‍.ജി മോഡലാണ് കാര്‍. പുക ഉയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വാഹനം പൂര്‍ണമായി കത്തിനശിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന പണവും രണ്ട് മൊബൈല്‍ ഫോണുകളും കാമറയും നാല് പവന്‍ സ്വര്‍ണാഭരണവും കത്തിയമര്‍ന്നു. കാസര്‍കോട് നിന്നുള്ള അഗ്നിരക്ഷാ സേന ജീവനക്കാര്‍ സ്ഥലത്തെത്തി തീയണച്ചു.