തിരുവനന്തപുരം. നീറ്റ് (യു.ജി) പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ദീപ്നിയയുടെ നേട്ടത്തില്‍ മലയാളത്തിനും തിളക്കം. അഖിലേന്ത്യാ തലത്തില്‍ 109ാം റാങ്ക് നേടിയ ദീപ്നിയ ഒന്നു മുതല്‍ പ്ലസ് ടുവരെ മലയാളം മീഡിയം വിദ്യാലയങ്ങളിലാണ് പഠിച്ചത്. പാഠ്യേതര വിഷയങ്ങളിലും പ്രതിഭയായ ദീപ്നിയ സ്കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന തല മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കൊയ്തിട്ടുണ്ട്. ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരിക്കെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസ രചനയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. മാത്ത്സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി കണക്കിലെ പ്രതിഭയും തെളിയിട്ടുണ്ട് ദീപ്നിയ.
സ്കൂളിനു പുറത്തുള്ള ഭാഷാ, സാഹിത്യ മത്സരങ്ങളിലും മാറ്റുരയ്ക്കാറുള്ള ദീപ്നിയ അക്ഷരോത്സവം ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അധ്യാപകരായ ദിനേശന്റേയും ബിജിയുടേയും മകളാണ് ദീപ്നിയ.