തിരുവനന്തപുരം– സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവുമാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്.
മെഡിക്കൽ കമ്മിഷൻ്റെ പരിശോധനയിൽ സ്‌റ്റാഫ് കുറവുൾപ്പെടെ വിവിധ പോരായ്മകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജീവനക്കാർക്കു പഞ്ചിങ് ഏർപ്പെടുത്താത്തതായിരുന്നു പ്രധാന പ്രശ്നം. മെഡിക്കൽ കമ്മിഷന്റെ പരിശോധനാവേളയിൽ ഡോക്‌ടർമാരുടെ കുറവു പരിഹരിക്കാൻ മറ്റു മെഡിക്കൽ കോളജുകളിൽനിന്നു സ്‌ഥലംമാറ്റി താൽക്കാലിക നിയമനം നടത്തുന്നത് പതിവാണ്. എന്നാൽ, കഴിഞ്ഞ തവണ താൽക്കാലിക നിയമനങ്ങളും കമ്മിഷൻ അംഗീകരിച്ചില്ല.
ചൂണ്ടിക്കാട്ടിയ പോരായ്‌മകൾ സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ വിശദീകരണങ്ങൾ നൽകിയിരുന്നെങ്കിലും തൃപ്തികരമായിരുന്നില്ല. സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഗൗരവ നടപടികളിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും പോരായ്‌മകൾ രണ്ടു മാസത്തിനുള്ളിൽ പരിഹരിക്കണമെന്നും താക്കീതു നൽകിയാണ് പിഴ വിധിച്ചത്.