ന്യൂഡല്‍ഹി– മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടി എടുത്ത് കേന്ദ്ര ഉപരിതല മന്ത്രാലയം. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിനെയാണ് വിലക്കിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. മുന്‍ ഐ.ഐ.ടി പ്രൊഫസര്‍ ജിവി റാവുവിനാണ് സമിതിയുടെ മേല്‍നോട്ടം.
മെയ് 19ന് മലപ്പുറം കൂരിയാട് വയലില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച നാഷണല്‍ ഹൈവേയുടെ ഒരു ഭാഗവും സര്‍വീസ് റോഡും തകര്‍ന്ന് രണ്ട് കാറുകള്‍ അപകടത്തില്‍ പെടുകയും നാല് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് കാസര്‍കോടും കണ്ണൂരും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെ കേന്ദ്രത്തിന്റെ രണ്ടംഗ വിദഗ്ദ സമിതി സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.