കോഴിക്കോട്– നാദാപുരത്ത് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിലായതോടെ നീതി കിട്ടുന്നത് നിരപരാധിയായ പിതാവിന്. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് 16കാരിയായ വിദ്യാർഥിനി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്. ഇവർ നാദാപുരം പോലീസിൽ അറിയിക്കുകയും തന്നെ പീഡിപ്പിച്ചത് പിതാവാണെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
എന്നാൽ ഗർഭഛിദ്രം നടത്തുന്നതിന് മുമ്പ് ശേഖരിച്ച ഡിഎൻഎ സാമ്പിളും കുറ്റാരോപിതനായ പിതാവിന്റെ ഡിഎൻഎയും പരിശോധന നടത്തിയപ്പോഴാണ് സത്യം പുറത്ത് വന്നത്. ഗർഭത്തിന് ഉത്തരവാദി പിതാവല്ല. കുറ്റാരോപിതനായ പേരോട് സ്വദേശിയായ പിതാവ് ഇപ്പോഴും ജയിലിലാണെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന പുറത്തു വന്നതിന് പിന്നാലെ പെൺകുട്ടി മൊഴിമാറ്റി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം ആവോലത്തുള്ള ഇഹാബ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ശ്രാവണിനെ (25) പോലീസ് അറസ്റ്റ് ചെയ്തത്.
Read more: നാദാപുരത്തെ പീഡനക്കേസ്; ബലിയാടായത് നിരപരാധിയായ പിതാവ്, ഒടുവിൽ മൊഴിമാറ്റി മകൾ