തിരുവനന്തപുരം- യു,ഡി.എഫ് മുഖ്യമന്ത്രിയായി വി.ഡി സതീശനെ തന്നെ നിയോഗിക്കണമെന്ന കടുത്ത നിലപാടിലുറച്ച് മുസ്ലിം ലീഗ്. കോൺഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുസ്ലിം ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്നിൽ വി.ഡി സതീശന്റെ പങ്ക് വളരെ വലുതാണെന്നും ഇക്കാര്യത്തിൽ മറിച്ചൊരു തീരുമാനമുണ്ടായാൽ അത് പൊതുജന വികാരത്തിന് എതിരായിരിക്കുമെന്നും മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. സംസ്ഥാന സെക്രട്ടറി പി.എം.എ സലാം എന്നിവരാണ് ഹൈക്കമാന്റ് പ്രതിനിധിനികളെ നിലപാട് അറിയിച്ചത്.
അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വി.ഡി സതീശന് പിന്തുണ നൽകുന്ന നിലപാടാണ് പാർട്ടി ഹൈക്കമാന്റിനെ അറിയിച്ചത്. പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള പാർട്ടി പ്രതിനിധി സംഘമാണ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റു ഘടകകക്ഷികളും വി.ഡി സതീശനൊപ്പമാണ് എന്നാണ് സൂചന. ഹൈക്കമാന്റ് നിർദ്ദേശിക്കുന്ന ആരെയും പിന്തുണക്കുമെന്ന നിലപാട് ആർ.എസ്.പി സ്വീകരിച്ചെങ്കിലും അവരും പൊതുജന വികാരം പരിഗണിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.



