ചെങ്ങന്നൂർ ∙ വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിന് ശേഷം അറസ്റ്റിൽ. ചെറിയനാട് അരിയന്നൂർശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ കേസിലാണ് അരിയന്നൂർശേരി കുറ്റിയിൽ പടീറ്റത്തിൽ ജയപ്രകാശിനെ (57) ചെന്നിത്തലയിലെ വീട്ടിൽ നിന്ന് പിടികൂടിയത്.
കുട്ടപ്പപ്പണിക്കർ കൊല്ലപ്പെട്ടതിന് പിന്നാലെ സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ പ്രതി, സംഭവസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഭാര്യവീട്ടിൽ പലതവണ വന്നുപോയിട്ടും പൊലീസിനോ നാട്ടുകാർക്കോ കണ്ടെത്താനായില്ല. സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. മരിച്ചുപോയ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ച കുട്ടപ്പപ്പണിക്കരെ 1994 നവംബർ 15-ന് വീടിനടുത്തുള്ള കനാൽത്തീരത്ത് കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും ഗുരുതരമായ പരുക്കേൽപ്പിച്ചെന്നാണ് കേസ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 4-നാണ് കുട്ടപ്പപ്പണിക്കർ മരിച്ചത്. പിന്നാലെ മുംബൈയിലേക്ക് കടന്ന ജയപ്രകാശ് സൗദിയിലെ ജോലിസ്ഥലത്തേക്ക് പോയി.
കൊലപാതകത്തിന് ശേഷം നാട്ടിലെ സ്ഥലം വിറ്റ് അമ്മയും സഹോദരങ്ങളും കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റി. ഏറെ കാലത്തിന് ശേഷം കാഞ്ഞങ്ങാട് സ്വദേശിയെന്ന് പരിചയപ്പെടുത്തി ചെന്നിത്തലയിൽ വിവാഹിതനായ ജയപ്രകാശ്, കുറച്ച് നാളുകൾക്ക് ശേഷം അവിടെ സ്വന്തം വീടുവച്ച് താമസമാക്കി.
ഇയാളെ പ്രതിയാക്കി 1997 ഏപ്രിൽ 30-ന് ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പലതവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. 1999-ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച സ്ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതി സൗദിയിൽ നിന്ന് അവധിക്ക് വീട്ടിൽ എത്തിയത് അറിഞ്ഞത്. 26-ന് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടപ്പപ്പണിക്കരുടെ കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ അമ്മയും സഹോദരനും സഹോദരിയും ചെറിയനാട്ടെ വീടും സ്ഥലവും വിറ്റ് നാടുവിട്ടു. സഹോദരി താമസിക്കുന്ന കാസർകോട് കാഞ്ഞങ്ങാട്ടിലും സഹോദരൻ താമസിക്കുന്ന പുണെയിലും അന്വേഷണം നടത്തിയാണ് പ്രതി സൗദിയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ ചെന്നിത്തലയിൽ നിന്ന് വിവാഹം കഴിച്ചതായും, അവിടെ സ്വന്തം വീടുവച്ച് താമസിച്ചതായും അറിഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശി എന്ന പേരിലാണ് ജയപ്രകാശ് വിവാഹം കഴിച്ചത്. കൊലപാതകത്തിന് ശേഷം പാസ്‌പോർട്ടിലെ മേൽവിലാസം കാഞ്ഞങ്ങാട്ടിലേക്കും പിന്നീട് ചെന്നിത്തലയിലേക്കും മാറ്റിയിരുന്നു. വർഷത്തിലൊരിക്കൽ അവധിക്ക് ചെന്നിത്തലയിൽ എത്തിയിരുന്നെങ്കിലും നാട്ടുകാരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. ആധാർ കാർഡിലും തിരിച്ചറിയൽ കാർഡിലും പാസ്‌പോർട്ടിലുമെല്ലാം മേൽവിലാസം കാസർകോട്ടെയും ചെന്നിത്തലയിലെയും ആയിരുന്നു.
ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ എസ്‌എച്ച്‌ഒ എ.സി. വിപിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതി പിടിയിലായതോടെ കൊലപാതകക്കേസ് പുനരന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ പറഞ്ഞു.