കോഴിക്കോട്– പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖരന്‍ സ്പീക്കറെ കാണാന്‍ നിയമസഭയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി കാരായി രാജനും എത്തിയത് വിവാദമാവുന്നു. ഇതേത്തുടര്‍ന്ന് നിയമസഭാ ടിവിയില്‍ അപ് ലോഡ് ചെയ്ത വീഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ റിമൂവ് ചെയ്തുവെന്നും പറയപ്പെടുന്നു. കാരായി രാജന്‍ ഡിജിപിയെ സ്വീകരിച്ചത് നിഷേധിക്കാന്‍ ധൈര്യമുണ്ടോയെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പികെ ഫിറോസ് ഫെയിസ്ബുക്കിലൂടെ ചോദിക്കുന്നത്.
പോസ്റ്റ് ഇങ്ങിനെ: ‘പുതുതായി ചുമതലയേറ്റ ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ ഇന്ന് സ്പീക്കറെ കാണാന്‍ നിയമസഭാ മന്ദിരത്തിലെത്തിയിരുന്നു. എന്നാല്‍ ഡി.ജി.പിയെ സ്പീക്കറോടൊപ്പം സ്വീകരിച്ചത് തലശ്ശേരി ഫസല്‍ കൊലക്കേസിലെ പ്രതി കാരായി രാജനാണ്. കാരായി രാജന്‍ ഡി.ജി.പിയെ സ്വീകരിക്കുന്ന വീഡിയോ സഭ ടിവിയില്‍ അപ്ലോഡ് ചെയ്യുകയും മിനിറ്റുകള്‍ക്കുള്ളില്‍ അത് റിമൂവ് ചെയ്യുകയും ചെയ്തു. അതിന്റെ ലിങ്കും സ്‌ക്രീന്‍ ഷോട്ടും ഇവിടെ പോസ്റ്റ് ചെയ്യുന്നു. കൊലക്കേസ് പ്രതികള്‍ക്കടക്കം സൈ്വരവിഹാരം നടത്താനുള്ള അനുമതി നല്‍കാമെന്ന കരാറിലാണോ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷികളെ വിസ്മരിച്ച് റവാഡയെ ഡി.ജി.പിയാക്കിയത്? കാരായി രാജന്‍ ഡി.ജി.പിയെ സ്വീകരിച്ചത് നിഷേധിക്കാന്‍ സ്പീക്കര്‍ക്ക് ധൈര്യമുണ്ടോ?”