തിരുവനന്തപുരം: മുനമ്പത്തെ സമരം നിർത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് സംഭവം.
മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കുംവരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിക്കുകയായിരുന്നു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഓൺലൈൻ യോഗത്തിൽ ഉറപ്പ് നൽകി. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരവും അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചത് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ, സർക്കാറുമായി സഹകരിക്കുന്നതിന് പ്രശ്‌നമില്ലെന്നും പക്ഷേ, സമരം നിർത്തിയുള്ള സമരത്തിന് സമയമായില്ലെന്നും അതിന് തങ്ങളുടെ ഭാഗങ്ങൾക്ക് പൂർണ പരിഹാരം ഉണ്ടാവണമെന്നും സമരസമിതി അറിയിച്ചു.
ചർച്ചയിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ്, വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, എസ്.എൻ.ഡി.പി യോഗം നേതാവ് മുരുകൻ, പ്രദേശവാസി പി ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.