കൊച്ചി: മുനമ്പം സമരത്തിനിടെ ഒരു മുസ്ലിമിന് പോലും വിഷമം ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും സമരസമിതിയെ മതവത്കരിക്കാൻ സമ്മതിക്കില്ലെന്നും മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി. സ്വകാര്യ ചാനലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ മുനമ്പത്ത് അഭിഭാഷകനുമായി ചേർന്ന് ചർച്ച നടത്തും. വഖഫ് ഭേദഗതി നിയമത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി എന്തെല്ലാമാണ് ഉള്ളതെന്ന് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എത്രയും പെട്ടെന്ന് റവന്യൂ അവകാശം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശനം നടത്തുമ്പോള്‍ മുനമ്പം ഉത്സവത്തിമര്‍പ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. 615 കുടുംബങ്ങള്‍ക്ക് റവന്യൂ അവകാശം നഷ്ടപ്പെട്ടിട്ട് മൂന്ന് വര്‍ഷവും മൂന്ന് മാസവുമായി. രണ്ട് വര്‍ഷവും ഏഴ് മാസവും സംസ്ഥാന സര്‍ക്കാരിന്റെ കൂടെയായിരുന്നു മുനമ്പത്തെ ജനങ്ങള്‍. സമരം ചെയ്യുകയോ വാക്കുകൊണ്ടോ സര്‍ക്കാരിനെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യവും ഇല്ലെന്ന് വന്നതോടെയാണ് നിരാഹാരസമരം ഇരുന്നത്.
ഇന്ന് മുനമ്പം നിവാസികളെല്ലാം ഉത്സവത്തിമര്‍പ്പിലായിരുന്നു. ഞങ്ങളുടെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തങ്ങളുടെ പ്രതീക്ഷ സഫലമായില്ലെന്നും ജോസഫ് റോക്കി പറഞ്ഞു.