തിരുവനന്തപുരം– സംസ്ഥാനത്തെ മുഹറം അവധി മാറ്റമില്ലാതെ ഞായറാഴ്ച തന്നെ തുടരും.നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം തന്നെയായിരിക്കും അവധിയുണ്ടാവുക. അവധിയിൽ മാറ്റമുണ്ടെങ്കിൽ സർക്കാർ ഇതു സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കുമായിരുന്നു.
ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയാണ്. അതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. ‘ചന്ദ്ര മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്, സർക്കാർ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്’ എന്നാണ് ടി.വി. ഇബ്രാഹിം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. എന്നാൽ അവധിയിൽ മാറ്റമൊന്നുമില്ലെന്നും, നേരത്തെ തീരുമാനിച്ച പ്രകാരമേ അവധിയുണ്ടാവുകയുള്ളൂവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.