- സന്ദീപ് ആർ.എസ്.എസിനെസിനെയും സവർക്കറെയും
തള്ളിപ്പറയുമോ എന്ന് സി.പി.എം നേതാവ്
പാലക്കാട്: പാർട്ടി കാത്തുവെച്ച, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. അപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയാണ് കോൺഗ്രസിനെന്നാണ് സന്ദീപ് വാര്യറെ നേരത്തെ പുകഴ്ത്തിയ എ.കെ ബാലൻ പ്രതികരിച്ചത്.
യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം വൻ പ്രതിഷേധത്തിലാണെന്നും വോട്ട് കൈവിട്ടു പോകുമോ എന്ന പേടിയിലാണ് സന്ദീപിനെ ഉടൻ പാണക്കാട്ടേക്ക് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ്-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യർ. കെ.പി.സി.സി ഓഫീസിനുള്ളിൽ ഇനി ആർ.എസ്.എസ് ശാഖ തുടങ്ങാം. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം അതിശക്തമായ പ്രതിഷേധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം കിട്ടിയില്ലെങ്കിൽ സ്‌നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരൻ വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലൻ ഓർമിപ്പിച്ചു.
അതേസമയം, സന്ദീപിനെതിരേയുള്ള മന്ത്രി എം.ബി രാജേഷിന്റെ വിമർശം ഇന്നും തുടർന്നു. കോൺഗ്രസ് വർഗീതയുടെ കാളിയനെ എടുത്ത് തോളിലിട്ടുവെന്ന് ഇന്നലെ വിമർശിച്ച മന്ത്രി, സന്ദീപിന്റെ വരവ് കോൺഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്ന് ആരോപിച്ചു.
ആർ.എസ്.എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്റ് ആണ് സന്ദീപ് വാര്യർ. കോൺഗ്രസിൽ ധാരാളം ആർ.എസ്.എസ് ഏജന്റുമാരുണ്ട്. ഇപ്പോൾ പുതിയ ഏജന്റ് വന്നുവെന്നേയുള്ളൂ.
സന്ദീപ് വാര്യർ അന്തകവിത്താണ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ് കുറച്ചുകൂടി നടക്കണം. ഇന്നലെ വേണ്ടത്ര എല്ലായിടത്തും എത്തിച്ചില്ല. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം.
സന്ദീപിനെ ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെ തള്ളിപ്പറയാൻ തയ്യാറായുണ്ടോ, സവർക്കറേ തള്ളിപ്പറയുമോ എന്നും മന്ത്രി എം.ബി രാജേഷ് ചോദിച്ചു.