മലപ്പുറത്തിന് ജില്ല അര്‍ഹതയുണ്ടെന്നും മന്ത്രി അനില്‍കുമാര്‍
മലപ്പുറം: സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ ഉടന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍.ഓണം കഴിഞ്ഞയുടന്‍ കമ്മിറ്റി രൂപീകരണ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂവാറ്റുപുഴയില്‍ പുതിയ ജില്ല വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. അവിടുത്തെ എംഎല്‍എ ആവശ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി അനുകൂല നിലപാട് പറഞ്ഞത്. ഏതൊക്കെ ജില്ലകള്‍ രൂപീകരിക്കണം എന്നത് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സെന്‍സസ് നടപടികള്‍ 2027 വരെ നീളുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിര്‍ത്തി മാറ്റത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ കമ്മിറ്റിയെ വെക്കുന്നതിന് തടസ്സമില്ല.
ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത് മലപ്പുറം ജില്ലയാണ്. 16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തിന് വിഭജനം അര്‍ഹതപ്പെട്ടതാണ്. മലപ്പുറത്തുകാരന്‍ എന്ന നിലയിലും റവന്യൂ മന്ത്രി എന്ന നിലയിലും അതിനോട് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന് വിവേചനം നേരിടുന്നു എന്ന് ഇപ്പോള്‍ പറയേണ്ട സാഹചര്യമില്ല, പുനഃസംഘടന നടക്കുമ്പോള്‍ നീതി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.







