കൊച്ചി: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ നിലപാടറിയിച്ച മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസ് ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അതേ മാതൃകയിലുള്ള സമീപനം തിരിച്ചും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം നിന്നിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. മുന്നണി സംവിധാനത്തിൽ പരസ്പര ധാരണയോടെയാണ് മുന്നോട്ട് പോകേണ്ടത്. പാർട്ടി തീരുമാനിക്കുന്ന ആൾ തന്നെയാകും മുഖ്യമന്ത്രിയാകുകയെന്നും ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. വിജയ ലഹരിയിൽ ആരും അടിസ്ഥാന കാര്യങ്ങൾ മറന്നുപോകരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനമാകും പാർട്ടിയിൽ നിന്നുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള ലീഗ് നേതാക്കളുടെ പ്രസ്താവന കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കുഴൽനാടന്റെ ഈ പരസ്യ പ്രതികരണം.