ഇടുക്കി– ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്റെ അവഗണന മൂലമാണെന്ന് അറിയിച്ചു. നാളിതുവരെയായിട്ട് ഒരു കോണ്‍ഗ്രസ്‌കാരനും തന്റെ കാര്യങ്ങള്‍ അന്യേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെ.പി.സി.സി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിര്‍മിച്ച് നല്‍കിയതെന്നും മറിയക്കുട്ടി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിട്ടും കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും അവർ ആരോപിച്ചു . ഇനി ബി.ജെ.പിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടിയുടെ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും കെ.പി.സി.സി ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു.