കണ്ണൂർ – ചെക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ട പ്രതി പിടിയിൽ. ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്താണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. എക്സൈസ് ചെക്ക്പോസറ്റിൽ ഡ്യൂട്ടി നോക്കുകയായിരുന്ന ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷാജിയെ (51) തട്ടിത്തെറിപ്പിക്കുകയും കൂടെ ജോലി ചെയ്തിരുന്ന ഷാജി ആളോക്കനെ കാറിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് പിടിയിലായ യാസ്സർ അറാഫത്ത്.
പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടുപ്രതികളെയും കണ്ടെത്തുന്നതിനായി എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ കെ.പ്രദീപ് കുമാർ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് സംഘത്തിൽ എസ.ഐ.സനീഷ്, സീനിയർ സി.പി.ഒ മാരായ അനൂപ്, ഷിജോയ്, ഷൌക്കത്തലി, നിജീഷ് എന്നിവരും ഉണ്ടായിരുന്നു.