കോട്ടയം – വെല്ലുരിലെയും മണിപ്പാലിലെയും പ്രമുഖ ആശുപത്രികള്‍ കയ്യൊഴിഞ്ഞ ജോ ആന്റണിക്ക് ഒടുവില്‍ രക്ഷയായത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. ജോ ആന്റണിയുടെ ശരീരത്തിലെ 43 കിലോഗാം ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ചികിത്സാ രംഗത്ത് വന്‍ നേട്ടം കൈവരിച്ചത.് ട്യൂമര്‍ നീക്കം ചെയ്യുന്നത് 24 കാരനായ ജോ ആന്റണിയുടെ മരണത്തിന് കാരണമാകുമെന്ന് പറഞ്ഞ് ഇന്ത്യയിലെ തന്നെ പ്രമുഖ ആശുപത്രികള്‍ കൈയ്യൊഴിഞ്ഞപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായി അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു.
നാല് വര്‍ഷം മുമ്പാണ് ജോ ആന്റണിയില്‍ ട്യൂമര്‍ കണ്ട് തുടങ്ങിയത്. പിന്നീടത് കാന്‍സറെന്ന് കണ്ടെത്തി. കീമോതെറാപ്പി നല്കി വന്നു. ശ്വാസകോശത്തിന്റെയും നെഞ്ചിന്റേയും ഭാഗത്തായതിനാല് എടുത്ത് കളയാന്‍ കഴിയാതെ വന്നു. ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ബുദ്ധിമുട്ടായി. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമായി. കൈ അനക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇടയ്ക്കിടയ്ക്ക് ട്യൂമറില്‍ നിന്നും വെള്ളം കുത്തിയെടുക്കുമ്പോള്‍ മാത്രമാണ് ഇല്‍പ്പം ആശ്വാസം ലഭിച്ചിരുന്നത്.
വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്താന്‍ അവരാരും തയ്യാറായില്ല. അങ്ങനെയാണ് ജോ ആന്റണിയുടെ കുടുംബം കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നതും മകന്റെ ദയനീയാവസ്ഥ ഡോക്ടര്‍മാരെ അറിയിക്കുന്നതും. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 25നാണ് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. പിന്നീട് തുടര്‍ ചികിത്സ നല്‍കുകയും ജോ ആന്റണിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.