തൃശൂർ- തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് മലപ്പുറം സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ യുവതിയുടെ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ. ഗുണശേഖരൻ എന്നയാളുമായി സൗഹൃദത്തിലായിരുന്ന മലപ്പുറം സ്വദേശിനിയായ യുവതിയെ സെപ്തംബർ 22-ാം തീയതി തൃശൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഗുണശേഖരന്റെ ഭാര്യ ദേവിയും നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. തിരുപ്പൂർ സ്വദേശിയായ തോമസ്, കോയമ്പത്തൂർ സ്വദേശികളായ പൽരാജ്, ശങ്കർ, പളനി സ്വദേശി രഘുപതി എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുമൊത്ത് ലോഡ്ജിൽ ഗുണശേഖരൻ താമസിക്കുന്നുണ്ടെന്ന വിവരം ഗുണശേഖരന്റെ സുഹൃത്താണ് ഭാര്യയെ അറിയിച്ചത്. ഗുണശേഖരന് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് മനസിലാക്കിയ സുഹൃത്ത് പാൽരാജ്, അസൂയ കാരണമാണ് ഗുണശേഖരന്റെ ഭാര്യ ദേവിയെ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ദേവി തന്റെ സുഹൃത്തായ തോമസിന്റെ സഹായം തേടുകയും ക്വട്ടേഷൻ നൽകുകയുമായിരുന്നു. തമിഴ്‌നാട് പോലീസിൽ പരിശീലനം നേടി പാതിവഴിയിൽ നിർത്തിയ ആളാണ് തോമസ്. ദേവിയും തോമസും പാൽരാജും സുഹൃത്തുക്കളായ ശങ്കർ, രഘുപതി എന്നിവരുൾപ്പെടുന്ന അഞ്ചംഗ സംഘം രണ്ട് കാറുകളിലായി തൃശൂരിലെത്തി. പോലീസ് പരിശീലനകാലത്തെ ഐഡന്റിറ്റി കാർഡ് കാണിച്ച് ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചുകയറിയ സംഘം, ഗുണശേഖരനെയും യുവതിയെയും മർദിച്ച് ബലമായി കാറുകളിൽ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കാറിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന് രണ്ടാഴ്ച മുമ്പ് യുവതി നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







