കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെസ്സി/അർജന്റീന ടീം കേരള സന്ദർശന സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളുടെയും മറ്റ് ഡിജിറ്റൽ തെളിവുകളുടെയും ഭാഗമായി പ്രത്യേക അന്വേഷണ സംഘം പുലർച്ചെ നടത്തിയ പരിശോധനയ്ക്കിടയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. കേരളത്തിലെ നിയമപ്രകാരം വ്യക്തിഗത ഉപയോഗത്തിനായി കൈവശം വെക്കാവുന്ന അളവിൽ കൂടുതൽ മദ്യമാണ് ഇവിടെനിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മദ്യം വിദേശത്ത് നിന്ന് നേരിട്ട് എത്തിച്ചതാണോ എന്ന് എക്സൈസ് പരിശോധിച്ചുവരികയാണ്. ലൈസൻസോ താൽക്കാലിക പെർമിറ്റോ ഇല്ലാതെ ഇത്രയധികം മദ്യം സൂക്ഷിച്ചതിന് എക്സൈസ് സംഘം നിയമനടപടികൾ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







