ആലപ്പുഴ– ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് തൽക്കാലം ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. ഉചിതമായ സമയത്ത് ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോപണങ്ങൾ പുറത്തുവന്ന ഉടനെ തന്നെ പാർട്ടി കർശന നിലപാടാണ് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ആദ്യ വാർത്ത വന്നയുടനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചു. നിയമസഭാ സമ്മേളന വേളയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകി. അതിനാൽ രാഹുൽ നിയമസഭയിൽ പ്രത്യേകമായായിരുന്നു ഇരുന്നത്. അദ്ദേഹം വ്യക്തമാക്കി.
“ഇത്രയും കർശന നടപടികൾ സ്വീകരിച്ചിട്ടും ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നത് ശരിയല്ല. പുറത്താക്കൽ പോലുള്ള കാര്യങ്ങൾക്ക് സംഘടനാ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അത് ഉചിതമായ സമയത്ത് ചെയ്യും,” സണ്ണി ജോസഫ് പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവെക്കേണ്ടത് രാഹുലിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ടയാൾ സ്വയം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. സസ്പെൻഷനുശേഷം രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിലോ പ്രവർത്തനങ്ങളിലോ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതികളെക്കുറിച്ച് സണ്ണി ജോസഫ് വിശദീകരിച്ചത്: ഇതുവരെ തനിക്ക് കൃത്യമായ പരാതി ലഭിച്ചിരുന്നില്ല. ഇന്നലെ മാത്രം ഒരു അജ്ഞാത പരാതി ലഭിച്ചു.പേരോ സ്ഥലമോ ഇല്ലാതിരുന്നിട്ടും ഡിജിപിക്ക് കൈമാറി, പരാതിക്കാരിക്ക് മറുപടിയും അയച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ പകർപ്പാണ് പിന്നീട് തനിക്കും പ്രതിപക്ഷ നേതാവിനും കിട്ടിയത്. അതിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചു.
“കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന് സിപിഎമ്മിനെപ്പോലെ ‘സ്വന്തം കോടതിയും പൊലീസും’ ഇല്ല,” അദ്ദേഹം പരിഹസിച്ചു.
തുടർന്ന് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവും ഉയർത്തി: “ശബരിമല സ്വർണക്കടത്ത് കേസിൽ പ്രതികളായ നേതാക്കൾ റിമാൻഡിലായിട്ടും സിപിഎം ഇതുവരെ കാരണംകാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ല. കോടതി ജാമ്യാപേക്ഷ തള്ളി, അന്വേഷണസംഘത്തിന് കാലാവധി നീട്ടിനൽകി. നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടിയിട്ടില്ല, കളവുമുതൽ കണ്ടെടുത്തിട്ടില്ല. ജനങ്ങൾ ഈ ഇരട്ടത്താപ്പ് ഗൗരവമായി കാണുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്,” സണ്ണി ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.



