കോഴിക്കോട്: മീഞ്ചന്ത-രാമനാട്ടുകര റോഡിൽ അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസിൽ അലി അക്ബറിന്റെ മകൻ അബി ഷർനാദ് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊച്ചി സ്വദേശി അബ്ദുൽ അസീസിനെ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ നല്ലളം പോലീസ് സ്റ്റേഷന് സമീപത്തെ മുജാഹിദ് മസ്ജിദിന് മുൻവശത്ത് വച്ചാണ് അപകടമുണ്ടായത്. ഇരുവരും ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റൽ നഴ്സിങ് സ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രായോഗികതാ പരിശീന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ ഫറോക്ക് ചുങ്കത്തെ പഠന സ്ഥലത്തേക്ക് മടങ്ങവെയാണ് അപകടം.
അബി ഷർനാദ് ഓടിച്ച ബുള്ളറ്റിൽ ഒരേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് അടിയിൽപ്പെടുകയായിരുന്നു. ഉടനെ കോഴിക്കേട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബിജൂനി മാലങ്ങാടൻ. സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.