കൊടുവള്ളി: തട്ടിക്കൊണ്ടുപോയ സംഘത്തിൽ ആറു പേരുണ്ടായിരുന്നുവെന്നും അവരെ കുറിച്ച് അറിയില്ലെന്നും ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായി സുരക്ഷിതനായി പോലീസ് നാട്ടിലെത്തിച്ച കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി ആയിക്കോട്ടിൽ അനൂസ് റോഷൻ(21) മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഇന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിക്കുകയായിരുന്നു അനൂസ് റോഷൻ.
അവർ ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം അവർ വാങ്ങിത്തന്നതാണ്. തിരികെ വരുമ്പോൾ വഴിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയിരുന്നു. അതിനിടെയാണ് കൂടെ കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിപ്പോയത്. അത് എവിടെയാണെന്ന് അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അനൂസ് റോഷൻ പറഞ്ഞു. ടാക്‌സി ഡ്രൈവർക്ക് തട്ടിക്കൊണ്ടു പോയതിൽ പങ്കില്ല. മൂപ്പര് ഒന്നും അറിയില്ല. ടാക്‌സി സ്റ്റാൻഡിൽനിന്ന് വണ്ടി വിളിച്ചതാണ്. കൂടുതൽ വിവരങ്ങൾ പറയരുതെന്ന് പോലീസ് പറഞ്ഞതായും യുവാവ് വെളിപ്പെടുത്തി.
മകനെ സുരക്ഷിതനായി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മാധ്യമങ്ങൾക്കും പോലീസിനും നാട്ടുകാർക്കും ആക്ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനും ഒത്തിരി നന്ദിയുണ്ടെന്നും അനൂസ് റോഷന്റെ പിതാവ് റഷീദും പ്രതികരിച്ചു. മെയ് 17ന് വൈകീട്ട് നാലോടെയാണ് ആയുധങ്ങളുമായി കാറിലെത്തിയ സംഘം പരപ്പാറയിലെ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അക്രമി സംഘം മൈസൂരുവിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച ശേഷം പിടിക്കപ്പെടുമെന്ന ഘട്ടം എത്തിയപ്പോൾ യുവാവുമായി അഞ്ചാംദിവസം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് മൊറയൂരിൽ വച്ചാണ് പോലീസ് സംഘം ഇന്ന് യുവാവിനെ മോചിപ്പിച്ചത്. സഹോദരനുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചനയെങ്കിലും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി പ്രതികളെ കുരുക്കാനുള്ള ഊർജിത നീക്കങ്ങളിലാണ് പോലീസ്.