കോഴിക്കോട്: ജന്മനാട്ടിൽ തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും പ്രവാസികൾ ബോധവാന്മാരാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം ക മുനീർ എം എൽ എ. സൗദി കെ.എം.സി.സി ആരംഭിക്കുന്ന പ്രവാസി സാമൂഹ്യക്ഷേമ സെന്റർ മാതൃകാപരവും ക്രിയാത്മകവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദി കെഎംസിസിയുടെ ചിറകിലെ പൊൻതൂവലാകും ഈ സെന്ററെന്നും അദ്ദേഹം പറഞ്ഞു.
ഉപജീവനം തേടി പോയ പ്രവാസികളിൽ ഭൂരിഭാഗവും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സാധാരണ നിലയിൽ തന്നെ കഴിയുന്നവരാണെന്നിരിക്കെ എല്ലാ വിഭാഗങ്ങളെയും പോലെ സ്വദേശത്ത് തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ച് പ്രവാസികളിൽ ഭൂരിഭാഗവും അജ്ഞരാണെന്നിരിക്കെ പ്രായോഗിക തടസങ്ങൾ ഏറെയുണ്ടായിട്ടും ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ട് വന്ന സഊദി കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുമ്പോഴാണ് കെഎംസിസി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളുടെ ഫലം പ്രവാസികൾക്ക് ബോധ്യപ്പെടുക.
കോഴിക്കോട്ടെ സൗദി കെഎംസിസി സെന്ററിൽ പ്രവാസി സാമൂഹ്യ ക്ഷേമ പുനരധിവാസ സെന്ററിന്റെ ഉദ്‌ഘാടനം ഡോ. എം ക മുനീർ നിർവഹിച്ചു. സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ.പി. മുഹമ്മദ്‌കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി. എ. ഹംസ, സയ്യിദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, എ പി ഇബ്രാഹിം മുഹമ്മദ്, സഫരി വെള്ളയിൽ, ലത്തീഫ് തച്ചംപൊയിൽ, ശരീഫ് ചോലമുക്ക്, ഉസ്മാൻ ഒട്ടുമ്മൽ, കെ ഹംസ, പി. എൻ. അഹമ്മദ്‌കുട്ടി പള്ളിക്കൽ, ഉമ്മർകോയ തുറക്കൽ, ഫായിസ് വാഫി എന്നിവർ ആശംസകൾ നേർന്നു. വിവിധ സെൻട്രൽ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു . ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും റഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു.
നോർക്കയിൽനിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിനും സൗദി കെഎംസിസി വിപുലമായ പരിപാടികളാവിഷ്കരിക്കും. കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷത്തിലധികം പേരെ നോർക്കയുടെ വിവിധ പദ്ധതികളിൽ അംഗങ്ങളാക്കുന്ന നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഓഫീസിന് തുടക്കമിട്ടത്. കെഎംസിസി പ്രവർത്തകർ ഉൾപ്പടെ പ്രവാസികൾക്ക് അർഹതപ്പെട്ടത് നേടി കൊടുക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.