ശ്രീനഗര്‍– ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിലെ വനത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മം കോട് കറുവാന്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തിലേറെ ദിവസത്തെ പഴക്കമുണ്ട്. ഏപ്രില്‍ 13നാണ് മുഹമ്മദ് ഷാനിബ് വീട്ടില്‍ നിന്നിറങ്ങിയത്. മൃതദേഹത്തില്‍ മൃഗങ്ങള്‍ ആക്രമിച്ചതിന്റെ മുറിവുകളുണ്ടെന്ന് ജമ്മുകശ്മീര്‍ പോലീസ് പറഞ്ഞതായി നാട്ടുകല്‍ പോലീസ് അറിയിച്ചു.
ബംഗളൂരില്‍ വയറിംഗ് ജോലിക്കാരനായിരുന്ന ഷാനിബ് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബംഗളൂരുവില്‍ പോയ യുവാവ് എങ്ങനെ ജമ്മു കശ്മീരിലെത്തി എന്ന് വ്യക്തമല്ല. ഷാനിബിന്റെ മരണത്തിലെ ദുരൂഹത പോലീസ് അന്യേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി ഗുല്‍മര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.