Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 21
    Breaking:
    • കണ്ണേ കരളേ വിഎസേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. മുദ്രാവാക്യ മുഖരിതമായ രാത്രി;ആലപ്പുഴ, കടപ്പുറത്തെ റിക്രിയേഷന്‍ സെന്ററില്‍ ബുധനാഴ്ച പൊതുദര്‍ശനം
    • ബഹ്റൈനിൽ സാർ മലിനജല ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
    • ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍
    • അൽ ഹുദൈദ തുറമുഖത്ത് ഇസ്രായേൽ വ്യോമാക്രമണം
    • ബയണറ്റ്, അലീഗഢ്, സ്മാർട്ട് സിറ്റി; വിഎസുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രമുഖർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    സമരതീക്ഷ്ണ നൂറ്റാണ്ടിന് വിട, കേരളത്തിന്റെ സത്യതേജസ് വി.എസ് അന്തരിച്ചു

    പോരാട്ടം കൊണ്ട് കേരളത്തെ ജ്വലിപ്പിച്ചു നിർത്തിയ പോരാളി യാത്രയാകുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2025 Kerala Top News 7 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- സമരതീക്ഷ്ണമായ ഒരു നൂറ്റാണ്ടിന്റെ സംഭവബഹുലമായ ജീവിതത്തിന് അന്ത്യം. സഖാവ് വി.എസ് അച്യുതാനന്ദൻ (101) വിടവാങ്ങി. അക്ഷരാർത്ഥത്തിൽ വിപ്ലവകാരി എന്ന വാക്കിന് ഏറ്റവും അനുയോജ്യനായ അവസാനത്തെ വ്യക്തിത്വമാണ്‌ വിടവാങ്ങുന്നത്. അനാഥത്വത്തിന്റെ നൊമ്പരവും ദാരിദ്ര്യത്തിന്റെ കയ്പും നിറഞ്ഞ ബാല്യം കടന്ന് പോരാട്ടത്തിന്റെ വീര്യം തുളുമ്പിയ യുവത്വത്തിലൂടെ കേരളത്തെ കീഴടക്കിയ പോരാട്ട പുരുഷന് വിട.കേരളത്തിന്റെ മികച്ച മുഖ്യമന്ത്രിയും പോരാളിയായ പ്രതിപക്ഷ നേതാവും ജനകീയനായ വിപ്ലവകാരിയും വിട്ടുവീഴ്ചയില്ലാത്ത പാർട്ടി പ്രവർത്തകനുമെല്ലാമായി കേരളത്തെ നയിച്ച വി.എസ്, കേരളമുള്ള കാലത്തോളം സ്മരിക്കപ്പെടും.

    തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കേരളത്തെ പതിറ്റാണ്ടുകളോളം നയിച്ച വി.എസിന്റെ അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് കാലത്ത് അതീവ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. വി.എസ് വിടവാങ്ങുന്നതോടെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ നേതാവും യാത്രയാകുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉജ്വലമായ സമരപോരാളിയുമെല്ലാമായി കേരളത്തെ നയിച്ചാണ് വി.എസ് വിടവാങ്ങുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായി. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വി.എസിനെ വിലയിരുത്തപ്പെടുന്നത്. 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്.

    2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ പിന്നീട് തിരുവനന്തപുരത്ത് മകൻ അരുൺ കുമാറിന്റെ വസതിയിൽ വിശ്രമ ജീവിതം നയിച്ചു.

    ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി.എസ് ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച വി.എസ് ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായി. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

    അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

    1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

    1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

    രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

    ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ. 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

    പുന്നപ്ര-വയലാർ സമരം
    ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ വി.എസ് പങ്കെടുത്തു. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

    പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പോലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽനിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പോലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

    പാർട്ടി പ്രവർത്തനം
    1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിലെ അവസാനത്തെ കണ്ണിയാണ് വി.എസ്. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    പാർലമെന്ററി ജീവിതം


    സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

    1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.

    2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

    2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി.

    വിഭാഗീയ പ്രവർത്തനങ്ങൾ
    2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ ആധിപത്യം ഉറപ്പിച്ചു പാർട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി. പിന്നീട് നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവർത്തിച്ചു. 2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോൾ അത് പൂർണമായി. 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

    സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി.എസ്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നിരന്തരം ഇടപെടലുകൾ നടത്തി. കേരളത്തിലെ ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു വി.എസ്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി.

    ഭാര്യ: കെ.വസുമതി (1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു)
    മക്കൾ: വി.എ.അരുൺകുമാർ (ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടർ), ഡോ. വി.വി.ആശ (തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞ). മരുമക്കൾ- ഡോ. രജനി ബാലചന്ദ്രൻ ( ഇ.എൻ.ടി സർജൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്). ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കണ്ണേ കരളേ വിഎസേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. മുദ്രാവാക്യ മുഖരിതമായ രാത്രി;ആലപ്പുഴ, കടപ്പുറത്തെ റിക്രിയേഷന്‍ സെന്ററില്‍ ബുധനാഴ്ച പൊതുദര്‍ശനം
    21/07/2025
    ബഹ്റൈനിൽ സാർ മലിനജല ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
    21/07/2025
    ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍
    21/07/2025
    അൽ ഹുദൈദ തുറമുഖത്ത് ഇസ്രായേൽ വ്യോമാക്രമണം
    21/07/2025
    ബയണറ്റ്, അലീഗഢ്, സ്മാർട്ട് സിറ്റി; വിഎസുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രമുഖർ
    21/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.